2014, ഫെബ്രുവരി 19, ബുധനാഴ്‌ച

കുഞ്ഞുങ്ങളെ ബാധിക്കുന്ന CHD ( Congenital Heart Disease )

നിങ്ങളുടെ കുഞ്ഞിനു CHD ഉണ്ടെന്നു കണ്ടെത്തിയാൽ നിങ്ങൾ അമിതമായി ഭയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ CHD എന്താണെന്നോ അതിന്റെ ചികിത്സാരീതികൾ എതുരീതിയിലാണെന്നോ നിങ്ങൾക്ക് അറിവില്ലായിരിക്കും. CHD-യെക്കുറിച്ച് കൂടുതല് അറിയുന്നത് കുഞ്ഞിന്റെ ആരോഗ്യമുള്ള നല്ല ഭാവിക്ക് സഹായകമാകും.

എന്താണ് Congenital Heart Disease?

ലോകത്ത് പിറന്നു വീഴുന്ന നൂറിൽ ഒരു കുഞ്ഞിന് CHD ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രസവത്തിനു മുൻപേ തന്നെ കുഞ്ഞിന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന തകരാറുകളാണ് പൊതുവിൽ Congenital  Heart Diseases എന്ന് അറിയപ്പെടുന്നത്.

ചില കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ചെറിയ തകരാറുകൾ ചികിത്സ ആവശ്യമില്ലാത്തവയായിരിക്കും. ചിലരിൽ സങ്കീർണ്ണമായ തകരാറുകൾ ഉണ്ടാവുകയും, അതിന് ശസ്ത്രക്രിയകൾ ഉള്പ്പെടുന്ന ഏതാനും വർഷങ്ങൾ നീണ്ടു നില്ക്കുന്ന ചികിത്സ നടത്തുകയും വേണ്ടിവരും. എന്തുതന്നെയായാലും, ചികിത്സയില്ലാത്ത ഒരു തകരാറല്ല ഇതെന്ന് എല്ലാ രക്ഷിതാക്കളും മനസ്സിലാക്കണം.

രോഗ ലക്ഷണങ്ങൾ ? 

ഗുരുതരമായ CHD കുഞ്ഞു ജനിച്ച് മണിക്കൂറുകൾക്കുള്ളിലൊ ദിവസങ്ങൾക്കുള്ളിലോ തിരിച്ചറിയപ്പെടും.
  • ത്വക്കിന്റെ നിറവ്യതിയാനം
  • ത്വക്കിന്റെ വിളറിയ ചാര നിറം അല്ലെങ്കിൽ നീല നിറം (cyanosis)
  • വേഗത്തിലുള്ള ശ്വാസോച്ഛാസം 
  • വയറിലോ കാലിലോ കണ്ണുകളുടെ താഴെയോ ഉണ്ടാകുന്ന വീക്കം
  • മുലയൂട്ടുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസ്സവും തുടര്ന്നുണ്ടാകുന്ന ഭാരക്കുറവും.


മാരകമല്ലാത്ത CHD ബാല്യത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിലായിരിക്കും ഇത് തിരിച്ചറിയപ്പെടുന്നത്. പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന പ്രത്യക്ഷലക്ഷണങ്ങൾ കുറവായിരിക്കും.

  • വ്യായമം ചെയ്യുമ്പോൾ വളരെ പെട്ടന്ന് അനുഭവപ്പെടുന്ന ശ്വാസതടസം  
  • കായികാധ്വാനത്തിനിടക്ക് പെട്ടന്ന് ക്ഷീണിതനാകുക 
  • കൈകളിലോ കണങ്കാലിലോ കാൽപ്പാദത്തിലൊ ഉണ്ടാകുന്ന വീക്കം 

നിങ്ങളുടെ കുഞ്ഞിനു ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണം കണ്ടെത്തിയാൽ ഉടനടി ഒരു ഹൃദ്രോഗ വിദഗ്ദ്ധനെ കണ്ട് വേണ്ട വിധം പരിശോധന നടത്തുകയാണെങ്കിൽ CHD ചികിത്സിച്ചു ബേധപ്പെടുത്താവുന്നതേയുള്ളൂ.

സാധാരണ കണ്ടു വരാറുള്ള CHD തകരാറുകൾ?

  • ഹൃദയ ഭിത്തികളിലെ തുള 
  • രക്തയോട്ടത്തിലെ തടസ്സങ്ങൾ 
  • തകരാറുള്ള രക്തക്കുഴലുകൾ 
  • ഹൃദയ വാൽവുകളിലെ തടസ്സം 
  • മേൽപ്പറഞ്ഞവയിൽ ഒന്നിലധികം തകരാറുകൾ  ചേർന്ന് കാണപ്പെടുന്ന അവസ്ഥ

എന്താണ് CHD ഉണ്ടാവാൻ ഉള്ള  കാരണങ്ങൾ ?

  • Rubella (German measles) എന്ന വൈറസ് രോഗം ഗർഭ കാലത്ത് അമ്മയെ ബാധിക്കുന്നത് 
  • പ്രമേഹ രോഗം (Diabetes) ഗര്ഭ കാലത്ത് അമ്മയെ ബാധിക്കുന്നത്.
  • മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഗര്ഭ കാലത്ത് അമ്മ ഉപയോഗിക്കുന്നത് 
  • പാരമ്പര്യമായി പകര്ന്നു കിട്ടുന്ന ജീനുകൾ 

കുഞ്ഞിന്റെ ആരോഗ്യത്തിനു ഗര്ഭകാലത്ത് മാതാവ് മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവതി ആയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


അപകടങ്ങൾ എന്തൊക്കെ ?

CHD-യുടെ ഇരയായ കുഞ്ഞിന്റെ ശാരീരിക വളർച്ച, വൈകാരിക പ്രശ്നങ്ങൾ എന്നിവ അപകടകരമായ അവസ്ഥയിൽ എത്തിച്ചേരും. ശ്വാസ തടസ്സവും ശരീരഭാരത്തിലെ കുറവും വലിയ ദോഷങ്ങൾ ഉണ്ടാക്കും. ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധ രോഗങ്ങൾക്കുമുള്ള സാധ്യതയും വർദ്ധിക്കുന്നു. ഹൃദയ സ്പന്ദനത്തിലെ തകരാറുകൾ മുതൽ സ്ട്രോക്ക് (Stroke) വരെയുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കാം.

കുഞ്ഞിന്റെ ജനനത്തിനു മുന്പ് തുടങ്ങി പ്രായപൂര്ത്തി ആകുന്നതു വരെ കൃത്യമായ ഇടവേളകളിൽ അവരുടെ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. നിങ്ങൾക്ക് ഏറ്റവും  വിശ്വാസം തോന്നുന്ന ഒരു ഡോക്ടറുടെ സേവനം ഇതിനായി തേടുക.

നമ്മുടെ കുഞ്ഞുങ്ങളുടെ കൊച്ചു ഹൃദയങ്ങൾ എന്നും ആരോഗ്യത്തോടെ സ്പന്ദിക്കട്ടെ.

കൂടുതൽ വിവരങ്ങൾക്ക് :




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ